ഇന്ത്യൻ ശാസ്ത്രമേഖലയിൽ സംവരണസമുദായങ്ങളുടെ സാന്നിധ്യം

ഇന്ത്യയിലെ പ്രമുഖ ഗവേഷണശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc), സംവരണസമുദായത്തിൽ പെട്ട അധ്യാപകരുടെ തോത് 5%-ൽ താഴെയാണ്. സാമൂഹികമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരുടെയും അധ്യാപകരുടെയും കുറവാണ് ഇത്തരത്തിലുള്ള വൈരുധ്യത്തിനു കാരണം. ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐറ്റി കാൺപൂരിൽ (IIT Kanpur) 394 അധ്യാപകരിൽ ദളിത് അധ്യാപകരുടെ എണ്ണം മൂന്നെന്നതും, ഐഐറ്റി മദ്രാസിൽ (IIT Madras) സംവരണവിഭാഗത്തിൽപ്പെട്ട  അധ്യാപകരുടെയെണ്ണം 12.4% മാത്രമാണെന്നതും വിവേചനത്തിലൂടെ നിലകൊള്ളുന്ന വ്യവസ്ഥിതിയുടെ തെളിവുകളാണ്. കഴിഞ്ഞ രണ്ടുവർഷക്കാലയളവിൽ ഐഐറ്റികളിൽനിന്നും പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞുപോയ വിദ്യാർത്ഥികളിൽ 40% സംവരണവിഭാഗത്തിൽ പെട്ടവരാണ്. ആരോഗ്യവിദ്യാഭ്യാസരംഗത്തിലെ ഏറ്റവും മികച്ച സ്ഥാപനമായ എയിംസിൽ (AIIMS) ജാതിയുടെയടിസ്ഥാനത്തിൽ വിവേചനം സംഭവിക്കുന്നുവെന്നുള്ളത് സ്ഥിരമായി ഉയർന്നുവരുന്ന വാർത്തയാണ്. തോരത്ത് കമ്മിറ്റിയുടെ 2008ൽ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടിൽ അന്നുണ്ടായിരുന്ന അധ്യാപകരും മുൻ ഡയറക്ടറും ചേർന്ന് സംവരണത്തിനെതിരെ സമരങ്ങൾ പൊട്ടിപ്പുറപ്പെടുവിച്ചെന്ന് കണ്ടെത്തിയിരുന്നു. അതിലുപരി, പിന്നോക്കവിഭാഗങ്ങളിലെ വിദ്യാർത്ഥികളെ നിരുത്സാഹപ്പെടുത്തുകയും, റെസിഡന്റ് ഡോക്ടർമാരെ തെരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ടതായ സംവരണസംവിധാനങ്ങൾ തെറ്റിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

യോഗ്യത, അഥവാ മെറിറ്റ്, എന്നാൽ എന്ത്?

രക്ഷകർത്താക്കൾ മുതൽ ശാസ്ത്രജ്ഞർ ഉൾപ്പടെ സമൂഹത്തിലെല്ലാവരും വിശ്വസിക്കുന്ന ഒരു’വസ്തുത’യാണ് ശാസ്ത്ര-സാങ്കേതിക-ആരോഗ്യരംഗങ്ങളിൽ മെറിറ്റിനുള്ള പങ്ക്. മെറിറ്റോക്രസിയെന്നാൽ അവരവരുടെ കഴിവിനനുസരിച്ച്‌ അവരവർക്കർഹതയുള്ള സ്ഥാനങ്ങളും നേട്ടങ്ങളും ലഭിക്കുമെന്നാണ്. എന്നാൽ ഒരുവ്യക്തിക്ക് എങ്ങനെയാണ് അവരുടെ കഴിവുകൾ ലഭിക്കുന്നുവെന്നത് ഇത്തരത്തിലുള്ള കാഴ്ചപാട് കണക്കാക്കാറില്ല. പിന്നോക്കസമുദായങ്ങളിൽപെട്ട വിദ്യാർത്ഥികൾക്കുലഭിക്കാതിരിക്കുന്ന പാഠ്യപുസ്തകങ്ങൾ, പഠന ഉപകരണങ്ങൾ, ഉറ്റുനോക്കുവാൻ സ്വന്തം സമുദായത്തിൽ നിന്നുള്ള മാതൃകാവ്യക്തിത്ത്വങ്ങൾ, ഇഷ്ടപെട്ട മേഖലകളിലേക്ക് വഴിയൊരുക്കുന്ന വ്യക്തിബന്ധങ്ങൾ തുടങ്ങിയവ ഉയർന്നജാതിക്കാർക്കും മധ്യവർഗ്ഗത്തിൽ പെട്ടവർക്കും വിപുലമായിലഭിക്കുന്നെവന്നത് യാഥാർഥ്യമാണ്. സംവരണസമുദായങ്ങളിൽപെട്ട കുടുംബങ്ങളിൽ നിന്നും അതികഠിനമായ ജീവിത-സാമൂഹിക-സാഹചര്യങ്ങൾ നേരിട്ടതിനുശേഷം ഉന്നതവിദ്യാഭ്യാസം തുടരുവാനായി ശ്രമിക്കുന്ന വിദ്യാർത്ഥികളുടെ ‘കഴിവ്’ താരതമ്യം ചെയ്യുന്നത്  ഇത്തരത്തിലുള്ള വിവേചനങ്ങളനുഭവിക്കാതെയുയർന്നുവന്നതും, പലപ്പോഴും സ്വന്തബന്ധങ്ങളുടെ ഗോവണിപ്പടികളുടെസഹായത്തോടെ ഉയർത്തപ്പെട്ടതുമായ വിദ്യാർത്ഥികളോടാണ്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകരുടെയും സഹപാഠികളുടെയും പക്കൽനിന്നും ലഭിക്കുന്ന എതിർപ്പുകളും ജാതിവിദ്വേഷപരമായ സമീപനങ്ങളും തുടർന്നുള്ള തൊഴിൽ മേഖലകളിലും വിട്ടുമാറാതെ പിന്തുടരുന്നുവെന്നത് പല പഠനങ്ങളിൽനിന്നും വ്യക്തമായിട്ടുള്ള വസ്തുതയാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ഓരോപടികയറുമ്പോഴും സംവരണവിഭാഗത്തിലെ വ്യക്തികളുടെ സാന്നിധ്യം ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. മെറിറ്റ് എന്ന നേട്ടം കഠിനാധ്വാനത്തിലൂടെമാത്രം പ്രാപ്തമാകുന്നതല്ല. അതിൽ സാമ്പത്തികശേഷിക്കും സാമൂഹികസ്വത്വത്തിനും അവസരങ്ങൾ ലഭ്യമാക്കുന്ന ബന്ധങ്ങൾക്കുമുള്ളപങ്ക് പ്രാധാന്യമർഹിക്കുന്നു.

ഇന്ത്യയിലെ ശാസ്ത്രമേഖല ജാതിവ്യവസ്ഥയിൽനിന്നും മുക്തമാണോ?

ഒറ്റവാക്കിൽ ഉത്തരം അല്ല എന്നാണ്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലകളും ശാസ്ത്രസാങ്കേതികസ്ഥാപനങ്ങളും ഉയർന്നജാതിക്കാരുടെ ആധിപത്യത്തിലായതിനാൽ, ദളിതരുടെയും മറ്റുസംവരണസമുദായങ്ങളിൽ പെട്ടവരുടെയും പ്രാതിനിധ്യക്കുറവിനെപ്പറ്റിയുള്ള ചർച്ചകൾ നന്നേ തുച്ഛമാണ്. സവർണപശ്ചാത്തലത്തിൽനിന്നുള്ള ശാസ്ത്രജ്ഞന്മാർ അഭിമുഖങ്ങളിലും ജീവചരിത്രങ്ങളിലും അഭിമാനത്തോടെ പറയുന്നവാചകമാണ് തങ്ങളുടെ വിദ്യാർത്ഥികളുടെ ജാതിയെക്കുറിച്ച്‌ അവർ ബോധവാന്മാരായിരുന്നില്ല എന്നത്. എന്നാൽ ഇവരിൽ പലരും മറക്കുന്ന വസ്തുതയിതാണ് – ചരിത്രപരമായി സവർണർ അനുഭവിച്ചിരുന്ന ജാതിമേൽക്കോയ്മയുടെ സുഖങ്ങൾ ഇന്നത്തെ സാമൂഹിക യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തികവും സാംസ്കാരികവുമായ മേല്കോയ്മകളിലേക്കു പരിവർത്തനപ്പെട്ടിരിക്കുന്നു. ആസ്തിയുടെമേലുള്ള ഉടമസ്ഥത, ഉന്നതവിദ്യാഭ്യാസത്തിനുള്ള ലഭ്യത, പത്രപ്രവർത്തനവും സാങ്കേതിക-ആരോഗ്യ-ഗവേഷണമേഖലകളിലുമുള്ള ആധിപത്യം എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്.  ഗവേഷണരംഗത്തുശോഭിക്കുവാനുള്ള കാരണങ്ങളിൽ ശാസ്ത്രത്തിനോടുള്ള ആസക്തിയോടൊപ്പം തന്നെ അവരുടെ ജാതിമേൽക്കോയ്മയും മുഖ്യമായപങ്ക്‌ വഹിക്കുന്നു. അവർ ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്ന് പറയുന്നത് അവർ അനുഭവിക്കുന്ന മേൽക്കോയ്മയെ മൂടിവയ്ക്കുവാനുള്ള നിരർത്ഥകമായ ശ്രമമാണ്.

ഗ്രന്ഥസൂചി

1. Why most drop-outs from IITs, IIMs are from reserved category? Aug 27,2019, The Indian Express

2. 2,400 students dropped out of IITs in 2 years, nearly half were SC, ST, OBC 29th July, 2019,The Print

3.https://www.indiatoday.in/india/north/story/aiims-caste-discrimination-p-venugopal-102166-2012-05-15

4.https://theprint.in/opinion/brahmins-on-india-campuses-studying-science-is-natural-to-upper-castes/378901/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: