ആർത്തവചക്ര പരമ്പര – ഭാഗം 1 – ജീവശാസ്ത്രം

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായി കണക്കാക്കപ്പെടുന്ന അവയവങ്ങളിലെ എല്ലാ ചാക്രിക ജൈവ മാറ്റങ്ങളും ആർത്തവ ചക്രത്തിൽ ഉൾപ്പെടുന്നു. അണ്ഡാശയം, ഗർഭാശയം, ഗര്‍ഭാശയമുഖം, യോനി എന്നിവ പോലുള്ള സ്ത്രീകളുടെ പ്രത്യുത്പാദന ഘടനയുള്ളവരിൽ ഇത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. എല്ലാ മാസവും, അണ്ഡാശയങ്ങൾ പ്രത്യുൽപാദന ഘടകങ്ങളായി പ്രവർത്തിക്കുന്ന പ്രത്യേക കോശങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇതിനെ മുട്ട അഥവാ അണ്ഡം എന്ന് വിളിക്കുന്നു. അണ്ഡത്തിന് ലൈംഗിക ബന്ധത്തിൽ യോനീനാളത്തിലൂടെ പ്രവേശിക്കുന്ന ബീജങ്ങളുമായി സംയോജിപ്പിക്കാൻ കഴിയും.

ഒരു അണ്ഡവും ബീജവും സംയോജിച്ചാൽ, അവ ഒരൊറ്റ കോശമായി മാറും. പിന്നീട്‌ ഈ കോശം ഒരു ഭ്രൂണമായി മാറി ഗർഭാശയ ഭിത്തിയിൽ പറ്റിനിൽക്കും. ക്രമേണ ഭ്രൂണം ഗർഭകാലത്തുടനീളം ഒരു പുതിയ വ്യക്തിയായി വളർന്ന് ഒടുവിൽ ജനനത്തിനു തയ്യാറാകുന്നു. അതുകൊണ്ടാണ്, എല്ലാ മാസവും, ഒരു അണ്ഡ-ബീജ സംയോജനം പ്രതീക്ഷിച്ച്, അടുത്ത ഒമ്പത് മാസത്തേക്ക് ഭ്രൂണത്തിന് ഒരു പുതിയ മനുഷ്യനായി വികസിക്കാൻ അനുയോജ്യമാവാൻ ഗർഭപാത്രം സ്വയം തയ്യാറെടുക്കുന്നത്. ഭ്രൂണത്തെ ഗർഭപാത്രത്തിന്റെ ഭിത്തിയുമായി ബന്ധിപ്പിക്കുന്നതിനും, അതിജീവിക്കുന്നതിനും വളരുന്നതിനുമുള്ള പോഷണം സ്വീകരിക്കുന്നതിനും, വേണ്ടി ഗർഭപാത്രത്തിന്റെ ഭിത്തി കട്ടിയുള്ളതും രക്തക്കുഴലുകളാൽ നിറഞ്ഞതും ആയി മാറുന്നു. അണ്ഡ-ബീജ സംയോജനം സംഭവിക്കാത്തപ്പോൾ, ഗർഭാശയത്തിന്റെ ഭിത്തിയിലെ തടിപ്പ്‌ ശരീരത്തിൽ നിന്ന് ആർത്തവം അല്ലെങ്കിൽ ആർത്തവ രക്തത്തിന്റെ രൂപത്തിൽ വിസര്‍ജ്ജിക്കപെടും.

അതിനാൽ, ആർത്തവ രക്തത്തിൽ സാധാരണയായി ധാരാളം രക്തവും, കുറച്ച് കട്ട പിടിച്ച രക്തവും, ഗർഭാശയ ഭിത്തിയിൽ നിന്ന് പുറന്തള്ളുന്ന സംയുക്തകോശങ്ങളും, യോനിയിലെയും ഗര്‍ഭാശയമുഖത്തിലെയും കോശങ്ങളിൽ നിന്നുള്ള വെള്ളം, അയോണുകൾ, കഫം, ബാക്ടീരിയ എന്നിവ അടങ്ങിയ സ്രവങ്ങളും അടങ്ങിയിരിക്കുന്നു. ഇരുമ്പ്, ചെമ്പ്, തുടങ്ങിയ എല്ലാ ലോഹ അയോണുകളുടെയും ആരോഗ്യകരമായ യോനിയിൽ വസിക്കുന്ന ബാക്ടീരിയുടെയും സാന്നിധ്യമാണ് ആർത്തവ രക്തത്തിന്റെ ഗന്ധത്തിന് കാരണം.

ഇന്ത്യൻ ശാസ്ത്രമേഖലയിൽ സംവരണസമുദായങ്ങളുടെ സാന്നിധ്യം

ഇന്ത്യയിലെ പ്രമുഖ ഗവേഷണശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc), സംവരണസമുദായത്തിൽ പെട്ട അധ്യാപകരുടെ തോത് 5%-ൽ താഴെയാണ്. സാമൂഹികമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരുടെയും അധ്യാപകരുടെയും കുറവാണ് ഇത്തരത്തിലുള്ള വൈരുധ്യത്തിനു കാരണം. ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐറ്റി കാൺപൂരിൽ (IIT Kanpur) 394 അധ്യാപകരിൽ ദളിത് അധ്യാപകരുടെ എണ്ണം മൂന്നെന്നതും, ഐഐറ്റി മദ്രാസിൽ (IIT Madras) സംവരണവിഭാഗത്തിൽപ്പെട്ട  അധ്യാപകരുടെയെണ്ണം 12.4% മാത്രമാണെന്നതും വിവേചനത്തിലൂടെ നിലകൊള്ളുന്ന വ്യവസ്ഥിതിയുടെ തെളിവുകളാണ്. കഴിഞ്ഞ രണ്ടുവർഷക്കാലയളവിൽ ഐഐറ്റികളിൽനിന്നും പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞുപോയ വിദ്യാർത്ഥികളിൽ 40% സംവരണവിഭാഗത്തിൽ പെട്ടവരാണ്. ആരോഗ്യവിദ്യാഭ്യാസരംഗത്തിലെ ഏറ്റവും മികച്ച സ്ഥാപനമായ എയിംസിൽ (AIIMS) ജാതിയുടെയടിസ്ഥാനത്തിൽ വിവേചനം സംഭവിക്കുന്നുവെന്നുള്ളത് സ്ഥിരമായി ഉയർന്നുവരുന്ന വാർത്തയാണ്. തോരത്ത് കമ്മിറ്റിയുടെ 2008ൽ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടിൽ അന്നുണ്ടായിരുന്ന അധ്യാപകരും മുൻ ഡയറക്ടറും ചേർന്ന് സംവരണത്തിനെതിരെ സമരങ്ങൾ പൊട്ടിപ്പുറപ്പെടുവിച്ചെന്ന് കണ്ടെത്തിയിരുന്നു. അതിലുപരി, പിന്നോക്കവിഭാഗങ്ങളിലെ വിദ്യാർത്ഥികളെ നിരുത്സാഹപ്പെടുത്തുകയും, റെസിഡന്റ് ഡോക്ടർമാരെ തെരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ടതായ സംവരണസംവിധാനങ്ങൾ തെറ്റിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

യോഗ്യത, അഥവാ മെറിറ്റ്, എന്നാൽ എന്ത്?

രക്ഷകർത്താക്കൾ മുതൽ ശാസ്ത്രജ്ഞർ ഉൾപ്പടെ സമൂഹത്തിലെല്ലാവരും വിശ്വസിക്കുന്ന ഒരു’വസ്തുത’യാണ് ശാസ്ത്ര-സാങ്കേതിക-ആരോഗ്യരംഗങ്ങളിൽ മെറിറ്റിനുള്ള പങ്ക്. മെറിറ്റോക്രസിയെന്നാൽ അവരവരുടെ കഴിവിനനുസരിച്ച്‌ അവരവർക്കർഹതയുള്ള സ്ഥാനങ്ങളും നേട്ടങ്ങളും ലഭിക്കുമെന്നാണ്. എന്നാൽ ഒരുവ്യക്തിക്ക് എങ്ങനെയാണ് അവരുടെ കഴിവുകൾ ലഭിക്കുന്നുവെന്നത് ഇത്തരത്തിലുള്ള കാഴ്ചപാട് കണക്കാക്കാറില്ല. പിന്നോക്കസമുദായങ്ങളിൽപെട്ട വിദ്യാർത്ഥികൾക്കുലഭിക്കാതിരിക്കുന്ന പാഠ്യപുസ്തകങ്ങൾ, പഠന ഉപകരണങ്ങൾ, ഉറ്റുനോക്കുവാൻ സ്വന്തം സമുദായത്തിൽ നിന്നുള്ള മാതൃകാവ്യക്തിത്ത്വങ്ങൾ, ഇഷ്ടപെട്ട മേഖലകളിലേക്ക് വഴിയൊരുക്കുന്ന വ്യക്തിബന്ധങ്ങൾ തുടങ്ങിയവ ഉയർന്നജാതിക്കാർക്കും മധ്യവർഗ്ഗത്തിൽ പെട്ടവർക്കും വിപുലമായിലഭിക്കുന്നെവന്നത് യാഥാർഥ്യമാണ്. സംവരണസമുദായങ്ങളിൽപെട്ട കുടുംബങ്ങളിൽ നിന്നും അതികഠിനമായ ജീവിത-സാമൂഹിക-സാഹചര്യങ്ങൾ നേരിട്ടതിനുശേഷം ഉന്നതവിദ്യാഭ്യാസം തുടരുവാനായി ശ്രമിക്കുന്ന വിദ്യാർത്ഥികളുടെ ‘കഴിവ്’ താരതമ്യം ചെയ്യുന്നത്  ഇത്തരത്തിലുള്ള വിവേചനങ്ങളനുഭവിക്കാതെയുയർന്നുവന്നതും, പലപ്പോഴും സ്വന്തബന്ധങ്ങളുടെ ഗോവണിപ്പടികളുടെസഹായത്തോടെ ഉയർത്തപ്പെട്ടതുമായ വിദ്യാർത്ഥികളോടാണ്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകരുടെയും സഹപാഠികളുടെയും പക്കൽനിന്നും ലഭിക്കുന്ന എതിർപ്പുകളും ജാതിവിദ്വേഷപരമായ സമീപനങ്ങളും തുടർന്നുള്ള തൊഴിൽ മേഖലകളിലും വിട്ടുമാറാതെ പിന്തുടരുന്നുവെന്നത് പല പഠനങ്ങളിൽനിന്നും വ്യക്തമായിട്ടുള്ള വസ്തുതയാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ഓരോപടികയറുമ്പോഴും സംവരണവിഭാഗത്തിലെ വ്യക്തികളുടെ സാന്നിധ്യം ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. മെറിറ്റ് എന്ന നേട്ടം കഠിനാധ്വാനത്തിലൂടെമാത്രം പ്രാപ്തമാകുന്നതല്ല. അതിൽ സാമ്പത്തികശേഷിക്കും സാമൂഹികസ്വത്വത്തിനും അവസരങ്ങൾ ലഭ്യമാക്കുന്ന ബന്ധങ്ങൾക്കുമുള്ളപങ്ക് പ്രാധാന്യമർഹിക്കുന്നു.

ഇന്ത്യയിലെ ശാസ്ത്രമേഖല ജാതിവ്യവസ്ഥയിൽനിന്നും മുക്തമാണോ?

ഒറ്റവാക്കിൽ ഉത്തരം അല്ല എന്നാണ്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലകളും ശാസ്ത്രസാങ്കേതികസ്ഥാപനങ്ങളും ഉയർന്നജാതിക്കാരുടെ ആധിപത്യത്തിലായതിനാൽ, ദളിതരുടെയും മറ്റുസംവരണസമുദായങ്ങളിൽ പെട്ടവരുടെയും പ്രാതിനിധ്യക്കുറവിനെപ്പറ്റിയുള്ള ചർച്ചകൾ നന്നേ തുച്ഛമാണ്. സവർണപശ്ചാത്തലത്തിൽനിന്നുള്ള ശാസ്ത്രജ്ഞന്മാർ അഭിമുഖങ്ങളിലും ജീവചരിത്രങ്ങളിലും അഭിമാനത്തോടെ പറയുന്നവാചകമാണ് തങ്ങളുടെ വിദ്യാർത്ഥികളുടെ ജാതിയെക്കുറിച്ച്‌ അവർ ബോധവാന്മാരായിരുന്നില്ല എന്നത്. എന്നാൽ ഇവരിൽ പലരും മറക്കുന്ന വസ്തുതയിതാണ് – ചരിത്രപരമായി സവർണർ അനുഭവിച്ചിരുന്ന ജാതിമേൽക്കോയ്മയുടെ സുഖങ്ങൾ ഇന്നത്തെ സാമൂഹിക യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തികവും സാംസ്കാരികവുമായ മേല്കോയ്മകളിലേക്കു പരിവർത്തനപ്പെട്ടിരിക്കുന്നു. ആസ്തിയുടെമേലുള്ള ഉടമസ്ഥത, ഉന്നതവിദ്യാഭ്യാസത്തിനുള്ള ലഭ്യത, പത്രപ്രവർത്തനവും സാങ്കേതിക-ആരോഗ്യ-ഗവേഷണമേഖലകളിലുമുള്ള ആധിപത്യം എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്.  ഗവേഷണരംഗത്തുശോഭിക്കുവാനുള്ള കാരണങ്ങളിൽ ശാസ്ത്രത്തിനോടുള്ള ആസക്തിയോടൊപ്പം തന്നെ അവരുടെ ജാതിമേൽക്കോയ്മയും മുഖ്യമായപങ്ക്‌ വഹിക്കുന്നു. അവർ ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്ന് പറയുന്നത് അവർ അനുഭവിക്കുന്ന മേൽക്കോയ്മയെ മൂടിവയ്ക്കുവാനുള്ള നിരർത്ഥകമായ ശ്രമമാണ്.

ഗ്രന്ഥസൂചി

1. Why most drop-outs from IITs, IIMs are from reserved category? Aug 27,2019, The Indian Express

2. 2,400 students dropped out of IITs in 2 years, nearly half were SC, ST, OBC 29th July, 2019,The Print

3.https://www.indiatoday.in/india/north/story/aiims-caste-discrimination-p-venugopal-102166-2012-05-15

4.https://theprint.in/opinion/brahmins-on-india-campuses-studying-science-is-natural-to-upper-castes/378901/

എന്താണ്‌ പ്രതിരോധ ശേഷി

ഏതെങ്കിലും അസുഖത്തിൽ നിന്നോ അസുഖം ഉണ്ടാക്കുന്ന രോഗാണുക്കളിൽ നിന്നോ നമുക്ക് കിട്ടുന്ന സംരക്ഷണം ത്തിനു ആണ് പ്രതിരോധശേഷി എന്ന് പറയുന്നത്. നമ്മുടെ തന്നെ ശരീരത്തിലെ കോശങ്ങളും തന്മാത്രകളും നമുക്ക് സംരക്ഷണം പ്രധാനം ചെയ്യുന്നുണ്ട്. ഈ കോശങ്ങളും തന്മാത്രകളും ഏതെങ്കിലും അപരിചിത ജീവികളോ വസ്തുക്കളോ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഒരുമിച്ചു അവക്കെതിരെ പ്രതിരോധിക്കുന്നു. പ്രതിരോധം നേടിയ കോശങ്ങളിലെ തന്മാത്രകൾ അസുഖം വന്ന രോഗാണുക്കളെ ശരീരത്തിൽ കയറുന്നതിൽ പ്രതിരോധിക്കുകയും അവയുടെ വ്യാപനത്തെ തടയുകയും ചെയ്യുന്നു. പ്രതിരോധശേഷി നേടിയ കോശങ്ങൾ ദീർഘ കാലത്തേക്ക് ശരീരത്തിന് രോഗാണുക്കളിൽ നിന്നും സംരക്ഷണം നൽകുന്നു. ചില പകർച്ച വ്യാധികൾക്ക് എതിരെ സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഒരു അളവ് വരെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ട്.

നമുക്ക് വൈറസുകളെ പ്രതിരിധിക്കാനുള്ള ശേഷി ഉണ്ടോ?

ഒരു വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ശരീരത്തിലെ പ്രതിരോധ സിസ്റ്റത്തിലെ കോശങ്ങളും പ്രോടീൻ കളും അവയ്‌ക്കെതിരെ യുദ്ധം തുടങ്ങുകയും അവയെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്യുന്നു. ശരീരത്തിലെ പ്രതിരോധ കോശങ്ങളിലെ ചില പ്രോടീൻ തന്മാത്രകൾ വൈറസ് ന്റെ ഉപരിതലത്തിലെ ചില പ്രതേക പ്രോടീൻ തന്മാത്രകളെ പ്രതിരോധിരോധിക്കുന്നു എന്നാലും വൈറസ് ഇതിനെ മറികടന്നു ശരീരത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

എന്താണ്‌ വാക്‌സിനു കളുടെ ആവശ്യം?

വൈറസ് പോലുള്ള പ്രതേക തരം സാംക്രമിക രോഗവ്യാപികളെ പ്രതിരോധിക്കാൻ കൊടുക്കുന്ന ഉത്തേജനം ആണ് വാക്‌സിനുകൾ. അസുഖം പരത്തുന്ന വൈറസ് ദുർബലം ആകുകയും അതിനു തുടർവ്യാപനം സാധ്യമാകാതാകുകയും, ഈ ദുർബല വൈറസ് നെ വാക്‌സിൻ ആയി ഉപയോഗിക്കുകയും ചെയ്യുന്നു.  മരിച്ച വൈറസ് ന്റെ ഭാഗങ്ങളെയും വാക്‌സിൻ ആയി ഉപയോഗിക്കാറുണ്ട്. ഈ വാക്‌സിൻ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയും ഭാവിയിൽ ഈ വൈറസ് കൊണ്ടു ഉണ്ടാകാവുന്ന അസുഖങ്ങൾക്ക് എതിരെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വാക്‌സിനേഷൻ ഏതു അസുഖം പരത്തുന്ന രോഗാണുവിന്‌ എതിരെ ഉപയോഗിച്ചോ അതിനെ മാത്രമേ പ്രതിരോധിക്കാൻ കഴിയു. എല്ലാ വൈറസ് നെയും പ്രതിരോധിക്കാൻ അതിനു കഴിയില്ല. അഞ്ചാം പനി ക്കും ചിക്കൻ പോക്സ് നും ഉള്ള വാക്‌സിൻ ഇതിനു ഉദാഹരണങ്ങൾ ആണ്.

  മനുഷ്യശരീരം കൊറോണ വൈറസ് നു എതിരെ പ്രതിരോധ ശേഷി നേടിയിട്ടില, അതുപോലെ കൊറോണ വൈറസ് നെ പ്രതിരോധിക്കാൻ ഉള്ള വാക്‌സിൻ ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. സാമൂഹിക അകലം പാലിക്കുക, കയ്യ് ശുചിത്വം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചു നമുക്ക് ഈ അസുഖത്തെ അകറ്റി നിർത്താം.

ഹോമിയോപ്പതി ചികിത്സയിൽ, Arsenicum album  എന്ന മരുന്ന് കൊറോണ വൈറസിനെ സുഖപ്പെടുത്തുന്നില്ല.

n-COVID19 ഒരു ജൈവായുധം അല്ലാത്തത് എന്തുകൊണ്ട്?

COVID-19 വ്യാപനം ആരംഭിക്കുന്ന ഘട്ടങ്ങളിൽ തന്നെ കേട്ടുതുടങ്ങിയ ഒരു പ്രചാരണം ആണ് കൊറോണ വൈറസ് (coronavirus) മനുഷ്യനിർമ്മിതം ആണെന്നുള്ളത്. വുഹാനിലെ ബയോ സേഫ്റ്റി ലെവൽ 4 (BSL-4) ഗവേഷണശാലകളിൽ നിർമ്മിച്ച വൈറസാണിതെന്നു പല പാശ്ചാത്യ സമൂഹമാധ്യമങ്ങൾ പറയുകയുണ്ടായി. പാശ്ചാത്യ നവമാധ്യമങ്ങളെ വെല്ലുവിളിച്ച് ചില ചൈനീസ് മാധ്യമങ്ങൾ പറഞ്ഞത്  അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത വൈറസാണിതെന്നുമാണ്.

എബോള (Ebola) തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന വിഷാണുക്കളുടെ ഗവേഷണത്തിന് നിർമ്മിതമായിട്ടുള്ളതാണ് BSL-4 ലാബുകൾ. ഈയിടങ്ങളിൽ ഗവേഷണം ചെയ്യപ്പെടുന്ന രോഗാണുക്കൾ ഒരു കാരണവശാലും പുറത്തു കടക്കില്ല. വുഹാനിൽ ഇത്തരത്തിലുള്ള ഗവേഷണശാലകൾ ഉണ്ടെങ്കിലും COVID-19 മനുഷ്യനിർമ്മിതമായ അണുക്കളിൽ നിന്നും പടർന്നതല്ല എന്നുള്ളതിന് ശാസ്ത്രീയമായ തെളിവുകൾ ഉണ്ട്.

വവ്വാലിനെയും ഈനാംപേച്ചിയെയും ബാധിക്കുന്ന വൈറസുകൾക്ക് സമാനമാണ് COVID-19 അണുക്കൾ. COVID-19 യഥാർത്ഥത്തിൽ ഒരു ജൈവായുധം ആയിരുന്നെങ്കിൽ, മനുഷ്യർക്ക് മാരകമായ ഏതെങ്കിലും ഒരു വൈറസിനോട് സാമ്യത ഉണ്ടാകുമായിരുന്നു. ഏതൊരു രോഗാണുവിന്റെയും ജനിതക വസ്തുവിൽ നിന്നും അത് ഏതു വിഭാഗത്തിൽ പെട്ടതാണെന് കണ്ടെത്താനാകും. COVID-19 അണുക്കളുടെ ആർ എൻ എയിൽ   (RNA) നിന്നും നിർമ്മിക്കപ്പെട്ട വംശാവലിയിൽ, മനുഷ്യരിലേക്ക് ഈ മഹാമാരി വന്യമൃഗങ്ങളിൽ നിന്നും പടർന്നതാണെന്നത് വ്യക്തമാണ്.

ജൈവായുധം എന്നാൽ എന്ത്?

രോഗാണുക്കളിൽ നിന്നും നിർമ്മിച്ചതായിട്ടുള്ള പാതാർത്ഥങ്ങളെ, അല്ലെങ്കിൽ രോഗാണുക്കളെ വിക്ഷേപിച്ചതായിട്ടുമുള്ള  രീതികളിൽ ചരിത്രത്തിൽ ജൈവായുധങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ് (Anthrax) രോഗത്തിന് കാരണമാകുന്ന അണു (Bacillus anthracis) ഇതിനു ഉത്തമ ഉദാഹരണമാണ്. ജൈവായുധമായി ഉപയോഗിച്ചിട്ടുള്ള അണുക്കൾ തീവ്രതയേറിയവ ആയിരുന്നതിനാലും, COVID-19 എന്ന രോഗാവസ്ഥ ഒട്ടുമിക്ക സന്ദർഭങ്ങളിലും ഗുരുതരമല്ലാത്തതുകൊണ്ടും, അതോടൊപ്പം ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയതുപോലേ ഇത് മനുഷ്യനിർമിതം അല്ലായെന്നുള്ളതും ചേർത്തുവായിച്ചാൽ, n-COVID19 ഒരു ജൈവായുധം ആണെന്നുള്ളത് പൊള്ളയായ ഒരാരോപണം മാത്രമാണെന്നു നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

കൊതുകുകൾ n-കോവിഡ്19 പരത്തില്ല

n-കോവിഡ്19 ശ്വസനവ്യവസ്ഥയിലാണ് (മൂക്കും തൊണ്ടയും അടങ്ങുന്ന ശ്വാസനാളം, ശ്വാസകോശം) അണുബാധയുണ്ടാക്കുന്നത് . കൊതുകുകൾ ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുമെങ്കിലും, കോവിഡ് വൈറസിനെ വഹിക്കില്ല. n-കോവിഡ്19 ബാധിച്ചവരെ കടിച്ച കൊതുകുകൾക്ക് വൈറസിനെ മറ്റു മനുഷ്യരിലേക്കോ മൃഗങ്ങളിലേക്കോ എത്തിക്കാൻ കഴിയില്ല. n-കോവിഡ്19 പടരുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുണ്ടാകുന്ന ചെറുതുള്ളികൾ, മൂക്കിൽ നിന്നുള്ള സ്രവം, ഉമിനീര് എന്നിവയിലൂടെയാണ്.  കൊതുകുകൾ കോവിഡ് പരത്തുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. കോവിഡിൽ നിന്നും സ്വയം സംരക്ഷിക്കാൻ സാമൂഹിക അകലം(social distancing ) ശീലമാക്കുക – അതായത്, രോഗം ഉള്ളവരുമായും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായും അടുത്തിടപഴകാതിരിക്കുക.സാധാരണയായി വരണ്ട ചുമ, പനി, ക്ഷീണം എന്നീ രോഗലക്ഷണങ്ങളെയാണ് ശ്രദ്ധിക്കേണ്ടതെന്ന് ലോകരോഗ്യസംഘടന പറയുന്നു.

വൈറസ്: അതെന്താണ്?


ഒരു ചെറിയ, ജീവനില്ലാത്ത ജീവിയാണ് വൈറസ്. ബാക്ടീരിയ, സസ്യങ്ങൾ, മൃഗങ്ങൾ തുടങ്ങിയ ജീവജാലങ്ങളെ ഇത് ബാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, അവ വ്യത്യസ്ത രോഗങ്ങൾക്ക് കാരണമാവുകയും ചിലപ്പോൾ അണുബാധ, ജീവജാലങ്ങളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മനുഷ്യശരീരങ്ങളെപ്പോലെ, വൈറസുകളിൽ കോശങ്ങൾ അടങ്ങിയിട്ടില്ല, അതിനാൽ അവ വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ അവക്ക് ഒരു ആതിഥേയ കോശം കണ്ടെത്തണം. മിക്ക വൈറസുകളിലും മൂന്ന് ഭാഗങ്ങൾ കാണാൻ കഴിയും – വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ വഹിക്കുന്ന ഒരു രാസഘടന, അതിന് ചുറ്റുമുള്ള ഒരു പുറംതോട്, ഒരു പുറം ആവരണം. ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും, വൈറസുകളും ജീവജാലങ്ങളും തമ്മിലുള്ള ഒരേയൊരു സാമ്യം, അവ രണ്ടും ജനിതക വിവരങ്ങളുടെ രാസഘടനകൾ വഹിക്കുന്നു എന്നതാണ് (ജീവജാലങ്ങളിൽ ഡിഎൻഎയും ആർ‌എൻ‌എയും, വൈറസുകളിൽ ആർ‌എൻ‌എ). പുനർനിർമ്മാണത്തിനു വേണ്ടി വൈറസ് ആദ്യം ഒരു ജീവനുള്ള കോശത്തിലേക്ക് പ്രവേശിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ കയ്യടക്കുകയും ചെയ്യുന്നു. തുടർന്ന്, വൈറസ്, ജീവിച്ചിരിക്കുന്ന മനുഷ്യകോശത്തിനുള്ളിൽ തന്നെ ഒന്നിലധികം പകർപ്പുകൾ ഉണ്ടാക്കുന്നു. പുനർനിർമ്മാണത്തിനുശേഷം, കോശങ്ങൾ പൊട്ടി വൈറൽ കണികകൾ മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നു. ചിലപ്പോൾ ഒന്നിലധികം പകർപ്പുകൾ സൃഷ്ടിക്കുമ്പോൾ, രാസഘടനകൾ വഹിക്കുന്ന വിവരങ്ങൾക്ക് പരിവര്‍ത്തനം സംഭവിക്കാം, ഈ സാഹചര്യത്തിൽ ചികിത്സ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. മനുഷ്യനെ ബാധിക്കുന്ന വൈറസുകളുടെ ചില ഉദാഹരണങ്ങളാണ് SARS, ഇൻഫ്ലുവൻസ വൈറസ്, n-COVID 19. . അടുത്തിടെയുള്ള n-COVID 19 വൈറസ് മുമ്പ് മൃഗങ്ങളെ ബാധിച്ചിരുന്നു, കൂടാതെ ചൈനയിലെ ഒരു മൃഗ വിപണി വഴി ഇത് മനുഷ്യരെ ബാധിച്ചു.